Friday, January 29, 2010

കല്യാണം കഴിഞ്ഞാല്‍ ശരിയാകുമെന്ന് കരുതി !

രമ്യ പറഞ്ഞ വാക്കുകള്‍ ! ഓര്‍ക്കുമ്പോള്‍ തലയില്‍ വണ്ട്‌ മൂളുന്ന പോലെ തോന്നും .ചിലപ്പോള്‍ പെരുമ്പറ കൊട്ടുന്നത് പോലെയും .ഞാന്‍ ഓര്‍ത്തില്ലെങ്കിലും എല്ലാം മനസ്സില്‍ വന്നുകൊണ്ടേയിരിക്കുന്നു !
ഓര്‍മ്മകള്‍ എവിടെയാണാവോ ഉണ്ടാകുന്നത് ?മനസ് എവിടെയാണാവോ ?തലയിലാണോ അതോ കണ്ണിലോ ?ഇതെല്ലാം ഞാന്‍ ഓര്‍ക്കുന്നത് തന്നെയാണോ ?അതോ ഞാന്‍ ചിന്തിക്കുകയാണോ?ചിരിയാണോ ,സങ്കടമാണോ മുഖത്ത് വരുന്നത് ?എന്തായാലും, ഞാനിപ്പോള്‍ ചിരിക്കാറില്ലെന്നു തോന്നുന്നു !പണ്ടാരം ! ചിന്തകള്കെല്ലാം എന്ത് വേഗമാ ! എല്ലാത്തിനും പശ്ചാത്തല സംഗീതം പോലെ രമ്യയുടെ വാക്കുകളും !

"പേപ്പര്‍ വായിക്കുന്നില്ലെങ്കില്‍ ഇങ്ങോട്ട് താ !"
അച്ഛന്‍ എന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .പാവം !
രാഹുലിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നതിനു മുന്‍പ് ചേച്ചിയെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ അച്ഛനും അമ്മയും അറിഞ്ഞിരിക്കും !അവളിതെവിടെ പോയി ?ബാത്രൂമിലായിരിക്കും !

"ഈ ചായക്ക്‌ ഒരു മധുരോം ഇല്ല ,കടുപ്പോം ഇല്ല "
ഞാനെങ്ങിനെ അടുകളയില്‍ എത്തി ?വേണെങ്കില്‍ കുടിച്ചാല്‍ മതീടീന്നാണല്ലോ അമ്മ പറയാറ് !ഇതിപ്പോ ഒന്നും മിണ്ടാതെ തലയും കുനിച്ചു പോയല്ലോ !ഒരു കല്യാണം കഴിഞ്ഞതിന്റെ പ്രശ്നങ്ങളെ !സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ,ദുബൈയില്‍ ജോലി ,നല്ല കുടുംബം, ആന മയിലൊട്ടകം ,എന്തൊക്കെയായിരുന്നു!

"അമ്മാ ,ആ ചൂലെടുത്തെ "
ഞാന്‍ ടി വി കാണുകയായിരുന്നോ ? രണ്ടു പല്ലികളെ ഓടിപ്പിക്കാനോണോ ഇവള്‍ക്ക് ചൂല് ! ദിനോസറിന്റെ കുട്ടികളായിരിക്കും ! എന്തൊരു വലുപ്പം ! അമ്മയും മകനും ആയിരിക്കുമോ ?
നിശ്ചയം കഴിഞ്ഞ് ആകെ കുറച്ചു സമയമല്ലേ രാഹുലിനോട് ഫോണില്‍ സംസാരിച്ചുള്ളു ?കുറച്ചു ദിവസമല്ലേ ഉള്ളു ,തിരക്കായിരിക്കും എന്നൊക്കെ ഈ പല്ലി പിടുത്തക്കാര്‍ അന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ മനസിലാക്കാമായിരുന്നു !നാല് മാസത്തോളം രാവും പകലും സംസാരിച്ചതിന് ശേഷമല്ലേ ഇന്ദൂന്റെ കല്യാണം മുടങ്ങിയത്?ഞാന്‍ ചിരിക്കുകയാണോ ?

ഇതെന്താ ടി വിയില്‍ ഫാന്‍ കറങ്ങുന്നോ ?കറണ്ട് പോയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ പോന്നതായിരിക്കും !റിസപ്ഷന്റെ സമയത്തെ രാഹുലിന്റെ മുഖം !കുടിചിട്ടുണ്ടായിരിക്കും എന്ന് തന്നെയല്ലേ ഞാന്‍ കരുതിയത്‌ !കണ്ണുകള്‍ കൊണ്ട് വിളിക്കുന്നത്‌ പോലെ തോന്നിയിട്ടായിരിക്കും ചെറിയച്ചന്‍ അടുതോട്ടു വന്നത് !"ഇന്ന് ഒല്ലൂരിലോട്ടു പോകണ്ട ,എന്റെ വീട്ടിലോട്ടു പോകാം "ചെറിയച്ചന്റെ മകള്‍ അമ്മുകുട്ടി വാശിപിടിക്കുന്നത് പോലെയല്ലേ എനിക്ക് തോന്നിയത് ?അമ്മയും അച്ചനുമൊന്നും ഇവിടെയില്ലേ ?രാഹുലിന്റെ വീട്ടിലോട്ടു പോകാന്‍ കാറില്‍ കയറുമ്പോള്‍ ,എല്ലാവരുടെ മുഖത്തും ഒരു അമര്‍ത്തിയ ചിരി ഉണ്ടായിരുന്നോ ?ആദ്യ രാത്രിയുടെ വേദി മാറിയതറിഞ്ഞതിന്റെയാകാം!

"നീ ഒന്നും കഴിക്കുന്നില്ലേ ? "
"ഇല്ല "
ചിന്തകള്‍ എങ്ങിനെ ഉണ്ടാകുന്നൂയെന്നു ചിന്തിച്ചു കിടക്കുമ്പോള്‍ ,എന്ത് ഭക്ഷണം !അന്ന് ഞാന്‍ പിന്നെ രാഹുലിനെ കണ്ടോ ?അമ്മയുടെ മുറിയില്‍ ഉണ്ടെന്നു പറഞ്ഞത് രമ്യയല്ലേ ?രാത്രി രമ്യ എന്തൊക്കെയോ പറഞ്ഞല്ലോ !അതൊന്നും എന്തെ ഓര്‍മയില്‍ വരാത്തെ ?ആദ്യ രാത്രിയില്‍ വേദന കൊണ്ട് ഞാന്‍ കരഞ്ഞോ ?അനുവിനെ വിളിച്ചാലോ ?കല്യാണതിനെന്തേ വരാഞ്ഞതെന്ന് ചോദിക്കാം ?അല്ലെങ്കില്‍ വേണ്ട ,കുറച്ചു നേരം ഉറങ്ങാം !മനുഷ്യന് ഏതെങ്കിലും ഒരു കാര്യത്തെപറ്റി മാത്രം ചിന്തിക്കാന്‍ കഴിയില്ലേ ?
ഉച്ചക്ക് ഊണ് കഴിക്കുന്ന സമയത്തല്ലേ രാഹുലിനെ പിന്നെ കണ്ടത് ?"നിന്നെ എന്റെ അനുജത്തിയെ പോലെ കാണാം ,വേറെ ഒരു രീതിയില്‍ എനിക്ക് പറ്റുന്നില്ല "രാഹുലിന്റെ വാക്കുകള്‍ എന്റെ മുഖത്ത് എന്ത് ഭാവമായിരിക്കും ഉണ്ടാക്കിയത് ?ചേച്ചിയെ തന്നെയല്ലേ ആദ്യം വിളിച്ചത് ?പെട്ടിയുമെടുത്ത് പുറത്തിറങ്ങുമ്പോള്‍, മുന്‍പില്‍ ആരും വരരുതെന്നാണോ ഞാന്‍ ആഗ്രഹിച്ചത്‌ ?രമ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ ?ഞാനെന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ഓര്‍മയും കിട്ടുന്നില്ലലോ ?ഈ ചിന്തകളുടെ ഒരു കാര്യം !

"നീ ഉറങ്ങാണോ "
"ആ !"
ഉറങ്ങുന്നവരെ വിളിച്ചാല്‍, മുറിയുന്നത്‌ ചിന്തകളോ അതോ സ്വപ്നങ്ങളോ ?അതിനു ഞാന്‍ ഉറങ്ങുകയായിരുന്നോ ?
"അത് ചേച്ചി,ചേട്ടന് ചെറുപ്പം മുതലേ അമ്മയോട് അറ്റാച്മെന്റ് കൂടുതലായിരുന്നു ! കല്യാണം കഴിഞ്ഞാല്‍ ശരിയാകുമെന്ന് കരുതി !"ഇനിയുള്ള എന്റെ ചിന്തകള്‍ക്കും ഓര്‍മകള്‍ക്കും പശ്ചാത്തല സംഗീതം പോലെയാകാന്‍ പറ്റിയ വാക്കുകള്‍ !വാക്കുകള്‍ കാഴ്ച്ചകളാകുന്നുണ്ടോ ?

2 comments:

  1. രണ്ടു പല്ലികളെ ഓടിപ്പിക്കാനോണോ ഇവള്‍ക്ക് ചൂല് ! ദിനോസറിന്റെ കുട്ടികളായിരിക്കും ! എന്തൊരു വലുപ്പം :):)

    ReplyDelete
  2. കയ്ക്കുന്ന സത്യങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയിൽ...ചില പെൺ‌ജീവിതങ്ങളിങ്ങനെ പരീക്ഷണ വസ്തുക്കളാവാറുണ്ട്..പുരാണങ്ങളും സാക്ഷി...സിദ്ധാർത്ഥരാജകുമാരൻ സന്യാസിയായി മാറാതിരിക്കാൻ ശുദ്ധോധന മഹാരാജാവു പരീക്ഷിച്ച യശോധരയെന്ന പെൺ‌ജന്മം ഒരുദാഹരണം മാത്രം..

    ReplyDelete