Monday, February 22, 2010

മെര്‍ളിന്റെ സമ്മാനം..........

വെള്ള കടലാസില്‍ ചുവപ്പ് മഷി കൊണ്ടെഴുതിയ കുറിപ്പ് അരവിന്ദന്റെ പോക്കറ്റില്‍ ഇടുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അവനെ നോക്കി . പകുതി ശരീരം ഷീറ്റ് കൊണ്ടു മറച്ച് ബെഡില്‍ കമിഴ്ന്നു കിടന്നുറങുകയാണവന്‍ . ഇവന്റെ സൌന്ദര്യം ആസ്വദിച്ച് നിന്നാല്‍ ഫ്ലൈറ്റ് അതിന്റെ പാട്ടിനു പോകും !

നാളെയും മറ്റന്നാളും കൊച്ചിയിലേക്കു വരേണ്ടതില്ല.രണ്ടു ദിവസം വിശ്രമിക്കാം .

ട്രാഫിക്കു കുറവായതു കൊണ്ടൊ എന്തൊ പതിവിലും നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി . മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു പയ്യനാണു ഡ്രൈവര്‍.കൂടിയാല്‍ ഒരു ഇരുപത് വയസ്സ് !

ഡൊമസ്റ്റിക്ക് ടെര്‍മിനലിലേക്ക് കയറുംബ്ബോള്‍ തന്നെ ചെക്കിന്‍ കൊണ്ടറില്‍ നിന്നിരുന്ന തടിച്ച സ്ത്രീയെയും പെണ്‍കുട്ടിയേയും കണ്ടു . രാവിലെ ബാങ്ക്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടവര്‍ തന്നെ ! പീകോക്കു നിറത്തിലുള്ള കാഞ്ചീപുരം സാരി രാവിലെ തന്നെ ശ്രദ്ധിചിരുന്നു . മംഗലാപുരത്തെ കോളേജ് പഠനകാലത്ത് ആരൊ വാങി തന്ന ജീന്‍സിനും ടോപ്പിനും , ആ പെണ്‍കുട്ടി ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ അതേ നിറം തന്നെ ആയിരുന്നില്ലെ !

സ്കൂള്‍ ബസില്‍ പോയിവന്നിരുന്നത് പോലെയാണു ഇപ്പോഴത്തെ ബാങ്ക്ലൂര്‍ നെഡുംബാശേരി യാത്രകള്‍ ! മല്ല്യയുടെ എയര്‍ഹോസ്റ്റസുമാര്‍ക്കു ഒരു ചന്തമൊക്കെയുണ്ട് ! എന്നാലും കൂട്ടികിഴിച്ച് നോക്കിയാല്‍ ഞാന്‍ തന്നെ , സുന്ദരി ! മുഖത്ത് വന്ന പുഞ്ചിരി മറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണു രാവിലെ അരവിന്ദ് [യഥാര്‍ത്ത പേരാണൊ ,എന്തൊ ?] പറഞ കാര്യം ഓര്‍മ വന്നതു . പ്രൊമോഷന്‍ ആയതില്‍ പിന്നെ ഭാര്യക്കു അയാളോട് പുച്ഛമാണത്രെ ! ”അവള്‍ക്കിപ്പൊ ജോലിക്കാര്യവും , ബോസിന്റെ കാര്യവും പറയാനെ നേരമുള്ളു , എന്റെ ഒരു കാര്യത്തിനും , ആവശ്യത്തിനും അവള്‍ക്കു സമയമില്ല ! വഞ്ചിക്കുന്നുണ്ട് ! ഒരു ദിവസം ഞാനത് കണ്ട്പിടിക്കും !” പൊട്ടിചിരിച്ചുകൊണ്ടാണത് കേട്ടതെങ്കിലും ; എന്നും രാവിലെ,എഴുന്നേറ്റ് വരുമ്പോള്‍ തന്നെ വഴക്കടിക്കാറുണ്ടായിരുന്ന അചഛന്റേയും അമ്മയുടെയും മുഖമായിരുന്നു മനസില്‍ !

സമ്മാനം കൊടുക്കണം ! സൌന്ദര്യം നഷ്ട്ടപെട്ട് , ശരീരം ചുക്കി ചുളിഞ്ഞ് , ആര്‍ക്കും എന്നെ വേണ്ടാതാവുന്നതിനു മുന്‍പു കഴിയുന്നത്ര പേര്‍ക്കു കൊടുക്കണം ! ഷവറിനു താഴെ നില്‍ക്കുമ്പോള്‍ അതു മാത്രമായിരുന്നു ചിന്ത .

ജീവിതസൌഭാഗ്യങള്‍ തേടി മറ്റുള്ളവരാല്‍ നയിക്കപെട്ട യാത്രയിലെപ്പോഴൊ കിട്ടിയ സമ്മാനം പങ്കുവെക്കുന്നതു ശരിയൊ തെറ്റൊ എന്നൊരു ചിന്ത മനസില്‍ വരാതിരിക്കാന്‍ ശ്രമിചുകൊണ്ട് , വെള്ളകടലാസില്‍ ചുവപ്പ് മഷികൊണ്ട് അടുത്ത സുഖാന്വേഷിക്കുള്ള കുറിപ്പു തയ്യാറാക്കി .

അറിയാതെയാണെങ്കിലും എന്റെ സമ്മാനം സ്വീകരിചതിനു നന്ദി . നിങ്ങളാ‍ല്‍ കഴിയും വിധം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക - മെര്‍ളിന്‍”

Friday, January 29, 2010

കല്യാണം കഴിഞ്ഞാല്‍ ശരിയാകുമെന്ന് കരുതി !

രമ്യ പറഞ്ഞ വാക്കുകള്‍ ! ഓര്‍ക്കുമ്പോള്‍ തലയില്‍ വണ്ട്‌ മൂളുന്ന പോലെ തോന്നും .ചിലപ്പോള്‍ പെരുമ്പറ കൊട്ടുന്നത് പോലെയും .ഞാന്‍ ഓര്‍ത്തില്ലെങ്കിലും എല്ലാം മനസ്സില്‍ വന്നുകൊണ്ടേയിരിക്കുന്നു !
ഓര്‍മ്മകള്‍ എവിടെയാണാവോ ഉണ്ടാകുന്നത് ?മനസ് എവിടെയാണാവോ ?തലയിലാണോ അതോ കണ്ണിലോ ?ഇതെല്ലാം ഞാന്‍ ഓര്‍ക്കുന്നത് തന്നെയാണോ ?അതോ ഞാന്‍ ചിന്തിക്കുകയാണോ?ചിരിയാണോ ,സങ്കടമാണോ മുഖത്ത് വരുന്നത് ?എന്തായാലും, ഞാനിപ്പോള്‍ ചിരിക്കാറില്ലെന്നു തോന്നുന്നു !പണ്ടാരം ! ചിന്തകള്കെല്ലാം എന്ത് വേഗമാ ! എല്ലാത്തിനും പശ്ചാത്തല സംഗീതം പോലെ രമ്യയുടെ വാക്കുകളും !

"പേപ്പര്‍ വായിക്കുന്നില്ലെങ്കില്‍ ഇങ്ങോട്ട് താ !"
അച്ഛന്‍ എന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .പാവം !
രാഹുലിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നതിനു മുന്‍പ് ചേച്ചിയെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ അച്ഛനും അമ്മയും അറിഞ്ഞിരിക്കും !അവളിതെവിടെ പോയി ?ബാത്രൂമിലായിരിക്കും !

"ഈ ചായക്ക്‌ ഒരു മധുരോം ഇല്ല ,കടുപ്പോം ഇല്ല "
ഞാനെങ്ങിനെ അടുകളയില്‍ എത്തി ?വേണെങ്കില്‍ കുടിച്ചാല്‍ മതീടീന്നാണല്ലോ അമ്മ പറയാറ് !ഇതിപ്പോ ഒന്നും മിണ്ടാതെ തലയും കുനിച്ചു പോയല്ലോ !ഒരു കല്യാണം കഴിഞ്ഞതിന്റെ പ്രശ്നങ്ങളെ !സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ,ദുബൈയില്‍ ജോലി ,നല്ല കുടുംബം, ആന മയിലൊട്ടകം ,എന്തൊക്കെയായിരുന്നു!

"അമ്മാ ,ആ ചൂലെടുത്തെ "
ഞാന്‍ ടി വി കാണുകയായിരുന്നോ ? രണ്ടു പല്ലികളെ ഓടിപ്പിക്കാനോണോ ഇവള്‍ക്ക് ചൂല് ! ദിനോസറിന്റെ കുട്ടികളായിരിക്കും ! എന്തൊരു വലുപ്പം ! അമ്മയും മകനും ആയിരിക്കുമോ ?
നിശ്ചയം കഴിഞ്ഞ് ആകെ കുറച്ചു സമയമല്ലേ രാഹുലിനോട് ഫോണില്‍ സംസാരിച്ചുള്ളു ?കുറച്ചു ദിവസമല്ലേ ഉള്ളു ,തിരക്കായിരിക്കും എന്നൊക്കെ ഈ പല്ലി പിടുത്തക്കാര്‍ അന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ മനസിലാക്കാമായിരുന്നു !നാല് മാസത്തോളം രാവും പകലും സംസാരിച്ചതിന് ശേഷമല്ലേ ഇന്ദൂന്റെ കല്യാണം മുടങ്ങിയത്?ഞാന്‍ ചിരിക്കുകയാണോ ?

ഇതെന്താ ടി വിയില്‍ ഫാന്‍ കറങ്ങുന്നോ ?കറണ്ട് പോയപ്പോള്‍ ഞാന്‍ റൂമിലേക്ക്‌ പോന്നതായിരിക്കും !റിസപ്ഷന്റെ സമയത്തെ രാഹുലിന്റെ മുഖം !കുടിചിട്ടുണ്ടായിരിക്കും എന്ന് തന്നെയല്ലേ ഞാന്‍ കരുതിയത്‌ !കണ്ണുകള്‍ കൊണ്ട് വിളിക്കുന്നത്‌ പോലെ തോന്നിയിട്ടായിരിക്കും ചെറിയച്ചന്‍ അടുതോട്ടു വന്നത് !"ഇന്ന് ഒല്ലൂരിലോട്ടു പോകണ്ട ,എന്റെ വീട്ടിലോട്ടു പോകാം "ചെറിയച്ചന്റെ മകള്‍ അമ്മുകുട്ടി വാശിപിടിക്കുന്നത് പോലെയല്ലേ എനിക്ക് തോന്നിയത് ?അമ്മയും അച്ചനുമൊന്നും ഇവിടെയില്ലേ ?രാഹുലിന്റെ വീട്ടിലോട്ടു പോകാന്‍ കാറില്‍ കയറുമ്പോള്‍ ,എല്ലാവരുടെ മുഖത്തും ഒരു അമര്‍ത്തിയ ചിരി ഉണ്ടായിരുന്നോ ?ആദ്യ രാത്രിയുടെ വേദി മാറിയതറിഞ്ഞതിന്റെയാകാം!

"നീ ഒന്നും കഴിക്കുന്നില്ലേ ? "
"ഇല്ല "
ചിന്തകള്‍ എങ്ങിനെ ഉണ്ടാകുന്നൂയെന്നു ചിന്തിച്ചു കിടക്കുമ്പോള്‍ ,എന്ത് ഭക്ഷണം !അന്ന് ഞാന്‍ പിന്നെ രാഹുലിനെ കണ്ടോ ?അമ്മയുടെ മുറിയില്‍ ഉണ്ടെന്നു പറഞ്ഞത് രമ്യയല്ലേ ?രാത്രി രമ്യ എന്തൊക്കെയോ പറഞ്ഞല്ലോ !അതൊന്നും എന്തെ ഓര്‍മയില്‍ വരാത്തെ ?ആദ്യ രാത്രിയില്‍ വേദന കൊണ്ട് ഞാന്‍ കരഞ്ഞോ ?അനുവിനെ വിളിച്ചാലോ ?കല്യാണതിനെന്തേ വരാഞ്ഞതെന്ന് ചോദിക്കാം ?അല്ലെങ്കില്‍ വേണ്ട ,കുറച്ചു നേരം ഉറങ്ങാം !മനുഷ്യന് ഏതെങ്കിലും ഒരു കാര്യത്തെപറ്റി മാത്രം ചിന്തിക്കാന്‍ കഴിയില്ലേ ?
ഉച്ചക്ക് ഊണ് കഴിക്കുന്ന സമയത്തല്ലേ രാഹുലിനെ പിന്നെ കണ്ടത് ?"നിന്നെ എന്റെ അനുജത്തിയെ പോലെ കാണാം ,വേറെ ഒരു രീതിയില്‍ എനിക്ക് പറ്റുന്നില്ല "രാഹുലിന്റെ വാക്കുകള്‍ എന്റെ മുഖത്ത് എന്ത് ഭാവമായിരിക്കും ഉണ്ടാക്കിയത് ?ചേച്ചിയെ തന്നെയല്ലേ ആദ്യം വിളിച്ചത് ?പെട്ടിയുമെടുത്ത് പുറത്തിറങ്ങുമ്പോള്‍, മുന്‍പില്‍ ആരും വരരുതെന്നാണോ ഞാന്‍ ആഗ്രഹിച്ചത്‌ ?രമ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ ?ഞാനെന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ഓര്‍മയും കിട്ടുന്നില്ലലോ ?ഈ ചിന്തകളുടെ ഒരു കാര്യം !

"നീ ഉറങ്ങാണോ "
"ആ !"
ഉറങ്ങുന്നവരെ വിളിച്ചാല്‍, മുറിയുന്നത്‌ ചിന്തകളോ അതോ സ്വപ്നങ്ങളോ ?അതിനു ഞാന്‍ ഉറങ്ങുകയായിരുന്നോ ?
"അത് ചേച്ചി,ചേട്ടന് ചെറുപ്പം മുതലേ അമ്മയോട് അറ്റാച്മെന്റ് കൂടുതലായിരുന്നു ! കല്യാണം കഴിഞ്ഞാല്‍ ശരിയാകുമെന്ന് കരുതി !"ഇനിയുള്ള എന്റെ ചിന്തകള്‍ക്കും ഓര്‍മകള്‍ക്കും പശ്ചാത്തല സംഗീതം പോലെയാകാന്‍ പറ്റിയ വാക്കുകള്‍ !വാക്കുകള്‍ കാഴ്ച്ചകളാകുന്നുണ്ടോ ?

Friday, January 8, 2010

അവള്‍ വിഷാദിച്ചിരിക്കുകയാണ്...

അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
അവളുടേയും എന്റെയും ഭാവിയെക്കരുതിയപ്പോള്‍....
****************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
എരിതീയില്‍ എണ്ണ ഒഴിക്കലാകുമൊ എന്നു കരുതിയപ്പോള്‍...
**********************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
അവള്‍ എന്നെ എന്തെങ്കിലും ചെയ്താലൊ എന്നു കരുതിയപ്പോള്‍...
*************************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
സഹതപിച്ച് സന്തോഷിക്കുകയാണെന്നു കരുതുമെന്നു കരുതിയപ്പോള്‍...
*******************************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
പുഛിക്കുകയാണെന്നു കരുതുമെന്നു കരുതിയപ്പോള്‍...
****************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
അവളുടെ മുഖത്തു എന്റെ കൈ പതിയുമെന്നു കരുതിയപ്പോള്‍...
***********************************************
അവള്‍ വിഷാദിച്ചിരിക്കുകയാണ്...
അരികെ പോകണമെന്നുണ്ട്...
അവളെ ഞാന്‍ കൊന്നു കളഞാലൊ എന്നു കരുതിയപ്പൊള്‍...
**********************************************
അവള്‍ക്കു വേണ്ടിയും പിന്നെ എനിക്കു വേണ്ടിയും,ഞാനതു ചെയ്തു.......
__________________________________________
__________________________________________
__________________________________________

Wednesday, November 25, 2009

ദൈവത്തെ മുന്‍കോപിയാക്കിയതാര്?

"എന്താ?"
"ഒന്നൂല്ല്യാ!"
"എന്തിനാ വന്നത്?"
"അറിയില്ല!"
"ആരാ ഈ വഴിയില്‍ എത്തിച്ചത്?"
"രണ്ടു പേര്‍ ചേര്‍ന്നു കൊണ്ടു വന്നതാ!"
"അവരോട് ചോദിക്ക്യാരുന്നില്ലേ?"
"അവര് പലപ്പോഴും പല തരത്തിലാ പറഞ്ഞതു!വേറെ ചിലരും പലതും പറഞ്ഞു!"
"എങ്കില്‍ അവരൊക്കെ പറഞ്ഞതു പോലെ ചെയ്തൂടെ?"
"രണ്ടു വാക്കുകളാ പ്രധാനമായും കേട്ടത്,പക്ഷെ എന്ത് ചെയ്താലും ഫലത്തില്‍ രണ്ടും വരുന്നു!വന്ന വഴിയേ തിരിച്ചു നടന്നാലോയെന്നു ആലോചിക്ക്യാണ്!"
"നീ വന്ന വഴിയേ ഇനി നിന്റെ മനസ്സു മാത്രമെ പോകു,പക്ഷെ മനസിനെ പിന്നിലോട്ടു വിട്ടു നീ മുന്നോട്ടു പോയാല്‍ -നിനക്കു കിട്ടുന്നത് ചങ്ങലയായിരിക്കും!"
"അത് പറയാന്‍ താനാരാ?"
"ഈ കാണുന്ന സകലതിന്റെയും കാരണക്കാരന്‍! ദൈവം !"
"അപ്പോള്‍ താനാണ് ഈ ലോകത്തിലെ സകലതിന്റെയും അണിയറക്കാരന്‍ !
ലോകത്തിനു നല്ലത് മാത്രം തന്നൂടെ?ഇനിയും വല്ല മക്കളോ ,അവതാരങ്ങളോ ഉണ്ടെങ്കില്‍ ഇവിടേയ്ക്ക് പറഞ്ഞു വിട്ടൂടെ?"
"ഇനിയെന്റെ പട്ടി വിടും!!നീയൊക്കെ അനുഭവിക്കണം!"
ഞാന്‍ പോവാണ്!
"എന്നെ തഴഞ്ഞു നീയൊക്കെ എവിടം വരെ പോകും ? ഒരു ദിവസം എന്റടുത്തു തന്നെ വരും, അന്ന് നിന്നെയൊക്കെ കണ്ടോളാം !!"