Monday, February 22, 2010

മെര്‍ളിന്റെ സമ്മാനം..........

വെള്ള കടലാസില്‍ ചുവപ്പ് മഷി കൊണ്ടെഴുതിയ കുറിപ്പ് അരവിന്ദന്റെ പോക്കറ്റില്‍ ഇടുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അവനെ നോക്കി . പകുതി ശരീരം ഷീറ്റ് കൊണ്ടു മറച്ച് ബെഡില്‍ കമിഴ്ന്നു കിടന്നുറങുകയാണവന്‍ . ഇവന്റെ സൌന്ദര്യം ആസ്വദിച്ച് നിന്നാല്‍ ഫ്ലൈറ്റ് അതിന്റെ പാട്ടിനു പോകും !

നാളെയും മറ്റന്നാളും കൊച്ചിയിലേക്കു വരേണ്ടതില്ല.രണ്ടു ദിവസം വിശ്രമിക്കാം .

ട്രാഫിക്കു കുറവായതു കൊണ്ടൊ എന്തൊ പതിവിലും നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി . മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു പയ്യനാണു ഡ്രൈവര്‍.കൂടിയാല്‍ ഒരു ഇരുപത് വയസ്സ് !

ഡൊമസ്റ്റിക്ക് ടെര്‍മിനലിലേക്ക് കയറുംബ്ബോള്‍ തന്നെ ചെക്കിന്‍ കൊണ്ടറില്‍ നിന്നിരുന്ന തടിച്ച സ്ത്രീയെയും പെണ്‍കുട്ടിയേയും കണ്ടു . രാവിലെ ബാങ്ക്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടവര്‍ തന്നെ ! പീകോക്കു നിറത്തിലുള്ള കാഞ്ചീപുരം സാരി രാവിലെ തന്നെ ശ്രദ്ധിചിരുന്നു . മംഗലാപുരത്തെ കോളേജ് പഠനകാലത്ത് ആരൊ വാങി തന്ന ജീന്‍സിനും ടോപ്പിനും , ആ പെണ്‍കുട്ടി ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ അതേ നിറം തന്നെ ആയിരുന്നില്ലെ !

സ്കൂള്‍ ബസില്‍ പോയിവന്നിരുന്നത് പോലെയാണു ഇപ്പോഴത്തെ ബാങ്ക്ലൂര്‍ നെഡുംബാശേരി യാത്രകള്‍ ! മല്ല്യയുടെ എയര്‍ഹോസ്റ്റസുമാര്‍ക്കു ഒരു ചന്തമൊക്കെയുണ്ട് ! എന്നാലും കൂട്ടികിഴിച്ച് നോക്കിയാല്‍ ഞാന്‍ തന്നെ , സുന്ദരി ! മുഖത്ത് വന്ന പുഞ്ചിരി മറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണു രാവിലെ അരവിന്ദ് [യഥാര്‍ത്ത പേരാണൊ ,എന്തൊ ?] പറഞ കാര്യം ഓര്‍മ വന്നതു . പ്രൊമോഷന്‍ ആയതില്‍ പിന്നെ ഭാര്യക്കു അയാളോട് പുച്ഛമാണത്രെ ! ”അവള്‍ക്കിപ്പൊ ജോലിക്കാര്യവും , ബോസിന്റെ കാര്യവും പറയാനെ നേരമുള്ളു , എന്റെ ഒരു കാര്യത്തിനും , ആവശ്യത്തിനും അവള്‍ക്കു സമയമില്ല ! വഞ്ചിക്കുന്നുണ്ട് ! ഒരു ദിവസം ഞാനത് കണ്ട്പിടിക്കും !” പൊട്ടിചിരിച്ചുകൊണ്ടാണത് കേട്ടതെങ്കിലും ; എന്നും രാവിലെ,എഴുന്നേറ്റ് വരുമ്പോള്‍ തന്നെ വഴക്കടിക്കാറുണ്ടായിരുന്ന അചഛന്റേയും അമ്മയുടെയും മുഖമായിരുന്നു മനസില്‍ !

സമ്മാനം കൊടുക്കണം ! സൌന്ദര്യം നഷ്ട്ടപെട്ട് , ശരീരം ചുക്കി ചുളിഞ്ഞ് , ആര്‍ക്കും എന്നെ വേണ്ടാതാവുന്നതിനു മുന്‍പു കഴിയുന്നത്ര പേര്‍ക്കു കൊടുക്കണം ! ഷവറിനു താഴെ നില്‍ക്കുമ്പോള്‍ അതു മാത്രമായിരുന്നു ചിന്ത .

ജീവിതസൌഭാഗ്യങള്‍ തേടി മറ്റുള്ളവരാല്‍ നയിക്കപെട്ട യാത്രയിലെപ്പോഴൊ കിട്ടിയ സമ്മാനം പങ്കുവെക്കുന്നതു ശരിയൊ തെറ്റൊ എന്നൊരു ചിന്ത മനസില്‍ വരാതിരിക്കാന്‍ ശ്രമിചുകൊണ്ട് , വെള്ളകടലാസില്‍ ചുവപ്പ് മഷികൊണ്ട് അടുത്ത സുഖാന്വേഷിക്കുള്ള കുറിപ്പു തയ്യാറാക്കി .

അറിയാതെയാണെങ്കിലും എന്റെ സമ്മാനം സ്വീകരിചതിനു നന്ദി . നിങ്ങളാ‍ല്‍ കഴിയും വിധം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക - മെര്‍ളിന്‍”